ക്ഷേമ പെൻഷന് പിന്നാലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും മുടങ്ങി
ആദ്യമായാണ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇങ്ങനൊരു പ്രതിസന്ധി
കേരളത്തിൻെറ സാമ്പത്തിക പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണും?
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി കടുക്കുന്നതിനാൽ ആദ്യമായി ശമ്പള വിതരണവും തടസപ്പെട്ടിരിക്കുകയാണ്. ട്രഷറിയിൽ മതിയായ പണം ഇല്ലാത്തതാണ് ശമ്പള വിതരണം മുടങ്ങാൻ കാരണം. ഒരു ലക്ഷത്തോളം സർക്കാർ ജീവനക്കാരുടെ ശമ്പളമാണ് ആദ്യമായി മുടങ്ങിയത്. ട്രഷറിയിൽ കൂടുതൽ പണം എത്തിയാലേ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങാതെ വിതരണം ചെയ്യാൻ കഴിയൂ. പെൻഷൻകാരുടെ സ്ഥിതിയും ഇതു തന്നെ. പെൻഷൻ വിതരണം പൂർത്തിയാകാൻ ദിവസങ്ങൾ എടുത്തേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്. ബാങ്കുകൾ വഴി പെൻഷൻ വാങ്ങുന്നവർക്കാണ് തിരിച്ചടിയായത്.
ട്രഷറിയിൽ പണം എത്തിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവും ലാഭവിഹിതവും ട്രഷറിയിലേക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലാണ് ഓൺലൈനായി ശമ്പളമെത്തുന്നത്. ഓൺലൈനായി വ്യക്തിഗത സേവിങ്സ് അക്കൌണ്ടുകളിലേക്ക് പണം കൈമാറുന്നത് ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഭൂരിഭാഗം സർക്കാർ ജീവനക്കാരും ട്രഷറിയിലെ ഓൺലൈൻ അക്കൌണ്ട് വഴിയും ബാങ്ക് അക്കൌണ്ട് വഴിയും പണം സ്വീകരിക്കുന്നതിനാൽ ഇത് ഇവർക്ക് കനത്ത തിരിച്ചടിയാകും. വരും മാസങ്ങളിലും ഇതേ സ്ഥിതി ആവർത്തിക്കുമോ എന്നതിലും വ്യക്തതയില്ല. സാങ്കേതിക തകരാറാണ് പ്രശ്നമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും എന്ന് ശമ്പള വിതരണം പൂർത്തിയാക്കുമെന്ന വ്യക്തമായ മറുപടി സർക്കാരും നൽകിയിട്ടില്ല
സംസ്ഥാനത്തിൻെറ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സംസ്ഥാന സർക്കാർ പറയുന്നു. ഇത് സംബന്ധിച്ച കേരളത്തിൻെറ കേസിൽ മാർച്ച് ആറിന് സുപ്രീം കോടതി വാദം കേൾക്കും. കോടതി വിധി അനുകൂലമായി കേന്ദ്രം കടമെടുപ്പ് പരിധി കൂട്ടിയാൽ പ്രതിസന്ധിക്ക് താൽക്കാലികാശ്വാസമാകും. 13,000 കോടി രൂപയാണ് സ്വാഭാവികമായി നൽകേണ്ടത് എന്ന് സർക്കാർ പറയുന്നു. കേന്ദ്രം ഇതു വരെ സംസ്ഥാനത്ത് കൈമാറിയത് ധനസഹായമല്ല നികുതി പിരിവിൻെറ വിഹിതമാണെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ശമ്പള, പെൻഷൻ വിതരണത്തിനായി ഇതു മാത്രം പോരാത്ത സ്ഥിതിയാണ്. ശമ്പളത്തിനും പെൻഷൻ വിതരണത്തിനും മാത്രമായി വേണ്ടത് ഏകദേശ 5,000 കോടി രൂപയോളമാണ്.
ക്ഷേമപെൻഷൻ വിതരണത്തിനായി വേണ്ടി വരുന്ന തുക ഇതിനു പുറമെയാണ് സർക്കാർ കണ്ടെത്തേണ്ടത് . മൊത്തം 55 ലക്ഷത്തോളം ക്ഷേമപെൻഷൻ വരിക്കാരാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ രൂപീകരിച്ച സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിയുടെ കടവും കുമിഞ്ഞുകൂടുകയാണ്. ഈ കടം വീട്ടാനും സർക്കാരിനാകുന്നില്ല. വിവിധ ബാങ്കുകളിൽ നിന്നെടുത്ത ഏകദേശം 3412 കോടി രൂപയുടെ തിരിച്ചടവ് കാലാവധി എത്തിയിട്ടും തിരിച്ചടക്കാൻ കഴിയാത്തതാണ് സ്ഥിതി. വിവിധ പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ചായിരുന്നു പെൻഷൻ കമ്പനി വായ്പയെടുത്തത്. ഫലത്തിൽ കുമിഞ്ഞ് കൂടുന്ന കടത്തിന് മുന്നിൽ നട്ടം തിരിയുന്നതാണ് സർക്കാരിൻെറ അവസ്ഥ. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്ന ബാധ്യതകൾ വേറെയും.
Comments