ഇന്ത്യയിലെ സാറ്റലൈറ്റ് ബ്രോഡ്‍ബാൻഡ് മാർക്കറ്റിന്‍റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാർ തമ്മിലുള്ള മത്സരം ഊജ്ജിതമാകുന്നു. സ്റ്റാർലിങ്കിന്‍റെ ഇലോൺ മസ്ക്കും, റിലയൻസ് ജിയോയുടെ മുകേഷ് അംബാനിയും തമ്മിലാണ് പ്രധാന മത്സരം. ബ്രോഡ്‍ബാൻഡിനുള്ള സാറ്റലൈറ്റ് സ്‍പെക്‌ട്രം ലേലം ഇല്ലാതെയാണ് അനുവദിക്കുകയെന്ന് കേന്ദ്ര ഗവൺമെന്‍റ് തീരുമാനിച്ചതിനെ തുടർന്നാണ് മത്സരം കടുത്തത്. ലേലത്തിലൂടെ നൽകുന്ന കീഴ്‌വഴക്കത്തോട് അംബാനിക്ക് യോജിപ്പായിരുന്നെങ്കിലും മസ്ക്ക് അതിനെ എതിർത്തിരുന്നു.
കേബിൾ ശൃംഖലയോ ടെലിഫോൺ കണക്ഷനോ പോലും ഇല്ലാതെ ഏത് കുഗ്രാമത്തിലും ഉൾനാടൻ പ്രദേശങ്ങളിലും ഇന്‍റർനെറ്റ് എത്തിക്കാൻ കഴിയുന്നതാണ് സാറ്റലൈറ്റ് ബ്രോഡ്‍ബാൻഡ്. ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ പ്രാരംഭ ഘട്ടത്തിലാണ്. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ICRA യുടെ കണക്കുകൂട്ടലനുസരിച്ച് 2025 ൽ ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്‍റർനെറ്റ് സബ്‍സ്ക്രൈബർമാരുടെ എണ്ണം രണ്ട് ദശലക്ഷം എത്തും. പല കമ്പനികളും ഈ രംഗത്തേക്ക് വരുന്നുണ്ടെങ്കിലും ഇന്ത്യയിൽ റിലയൻസ് ജിയോ ആണ് മുൻനിരയിലുള്ളത്. ഇന്ത്യൻ മാർക്കറ്റിലേക്ക് കടക്കാൻ 2021 മുതൽ ഇലോൺ മസ്ക്ക് ശ്രമിക്കുന്നുണ്ട്.
മസ്ക്കിന്‍റെ സ്റ്റാർലിങ്കിന് നിലവിൽ 100 രാജ്യങ്ങളിലായി നാല് ദശലക്ഷം സബ്‍സ്ക്രാബർമാരാണ് ഉള്ളത്. അത് അനുദിനം കൂടുകയുമാണ്. സ്റ്റാർലിങ്കിന് ഇപ്പോൾ 6419 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലുള്ളത്. ഭൂമിയുടെ പ്രതലത്തിൽ നിന്ന് വെറും 160 മുതൽ 1000 കിലോമീറ്റർ വരെ അകലെയാണ് അവ ചുറ്റിക്കറങ്ങുന്നത്.
Comments