New Delhi: റെഡ് ഫോർട്ടിന് സമീപം ക്യാബ് ഡ്രൈവറെ കൊലപ്പെടുത്തിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെറിയൊരു ഏറ്റുമുട്ടലിലൂടെയാണ് ഫിറോസ് എന്നയാളെ പോലീസ് കീഴ്പ്പെടുത്തിയത്. സൂചന ലഭിച്ച് വീട്ടിലെത്തിയ പോലീസിന് നേരെ വെടിയുതിർത്ത ഇയാളെ തിരിച്ചു വെടിവെച്ചാണ് പിടികൂടിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്) എം.കെ. മീന പറഞ്ഞു. കാലിൽ വെടിയേറ്റ ഇയാളെ പോലീസ് അരുണ അസഫ് അലി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
ഏപ്രിൽ 15 ന് അർധരാത്രിയാണ് ക്യാബ് ഡ്രെവർ സഖീബ് റോഡിലെ വാക്കേറ്റത്തെ തുടർന്ന് കൊല്ലപ്പെട്ടത്. സഖീബിന്‍റെ കാർ ഒരു റിക്ഷയിൽ ഇടിച്ചതാണ് തർക്കത്തിനും തുടർന്ന് മർദ്ദനത്തിനും ഇടയാക്കിയത്. ഒരു സംഘം ആളുകൾ ചേർന്ന് സഖീബിനെ കാറിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. സംഘത്തിലെ ഒരാൾ റിവോൾവർ എടുത്ത് വെടിവെച്ചാണ് സഖീബിനെ കൊലപ്പെടുത്തിയത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
Comentários