അമേരിക്കൻ ടെക് സംരംഭകനായ ബ്രയാൻ ജോൺസന് ഇപ്പോൾ ഒരേയൊരു ലക്ഷ്യമേയുള്ളു. 150 വയസ് വരെ ജീവിക്കണം. ഇപ്പോൾ 47 വയസ്സുള്ള ഈ ശതകോടീശ്വരൻ പ്രായം കുറയ്ക്കാനും യുവത്വം തിരിച്ചു പിടിക്കാനുമുള്ള ശ്രമം തുടങ്ങിയിട്ട് കുറേനാളായി. സ്വന്തം കാര്യം മാത്രമല്ല, മനുഷ്യരുടെ ശരാശരി ആയുസ് 150 ആക്കാനുള്ള മാർഗ്ഗം കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങളാണ് നടത്തിവരുന്നത്.
"പ്രോജക്‌ട് ബ്ലൂപ്രിന്‍റ്" എന്ന വിശാലമായ പദ്ധതിയുടെ ഭാഗമായ "പ്രോജക്‌ട് ബേബി ഫേസ്" എന്ന ഘട്ടത്തിൽ ഒരു ദാതാവിൽ നിന്നുള്ള കൊഴുപ്പ് മുഖത്ത് കുത്തിവെച്ചത് ഇപ്പോൾ വിനയായി. ഒരു ബേബിയുടെ മുഖമാണ് ആഗ്രഹിച്ചതെങ്കിലും പണി പാളി. തടിച്ചു വീർത്തിരിക്കുന്ന മുഖം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് അദ്ദേഹം തന്നെയാണ്.
കർശനമായ ഡയറ്റിംഗിന് പുറമെ, സ്വന്തം രക്തം മാറ്റി കൗമാരപ്രായക്കാരനായ, ചോരത്തിളപ്പുള്ള മകന്‍റെ രക്തം അദ്ദേഹം ഇയ്യിടെ സ്വീകരിച്ചിരുന്നു. അതിനും പുറമെ ജനിതക തെറാപ്പികളുടെ ഭാഗമായി പല ഇൻജെക്ഷനുകളും നടത്താറുണ്ട്. പലപ്പോഴും പലവിധ തിരിച്ചടികൾ ഉണ്ടായാലും പ്രോജക്‌ട് ഉപേക്ഷിക്കുന്ന പ്രശ്‍നമില്ല. ചെറുതും വലുതുമായ തിരിച്ചടികളും പരാജയങ്ങളും മറച്ചുവെക്കാറുമില്ല. സ്വന്തം ആയുസ്സും മാനവരാശിയുടെ മൊത്തം ആയുസ്സും കൂട്ടാതെ പിന്മാറില്ലെന്ന പിടിവാശിയിലാണ് ഈ കോടീശ്വരൻ.
Comments