ഡിജിറ്റൽ അറസ്റ്റ് സംഭവങ്ങൾ വ്യാപകമാകുമ്പോൾ അതിന്‍റെ രീതികളും ടാർഗറ്റും വ്യത്യസ്തമാണ്. മുംബൈയിൽ 26 കാരിയായ യുവതിയെ ഇക്കഴിഞ്ഞ നവംബർ 28 നാണ് കബളിപ്പിച്ചത്. 1.7 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഡൽഹി പോലീസിൽ നിന്നാണെന്ന വ്യാജേന വന്ന വീഡിയോ കോൾ എടുത്തതാണ് വിനയായത്. ജയിലിൽ കഴിയുന്ന ജെറ്റ് എയർവേയ്‌സിന്‍റെ സ്ഥാപകൻ നരേഷ് ഗോയലിന്‍റെ കേസിൽ ഈ യുവതിക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്നാണ് തട്ടിപ്പുകാർ അറിയിച്ചത്.
ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ഉദ്യോഗസ്ഥയായ യുവതി കള്ളപ്പണം വെളുപ്പിച്ച സംഭവത്തിൽ ഉൾപ്പെട്ടതായി തെളിവുണ്ടെന്ന് അവർ അറിയിച്ചു. 1,78,000 രൂപ ഉടൻ ട്രാൻസ്‍ഫർ ചെയ്യണമെന്നും, ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും അവർ അറിയിച്ചു. ഭീഷണിയിൽ ഭയന്ന യുവതി പണം ട്രാൻസ്‍ഫർ ചെയ്തുകൊടുത്തു. ചോദ്യം ചെയ്യൽ മറ്റാരും അറിയാതിരിക്കാൻ ഹോട്ടലിൽ റൂം എടുക്കണമെന്ന ആവശ്യവും യുവതി അനുസരിച്ചു. തുടർന്ന് ദേഹപരിശോധന നടത്താൻ വസ്ത്രങ്ങൾ അഴിച്ചു മാറ്റാൻ ആവശ്യപ്പെട്ടു. തട്ടിപ്പുകാരുടെ ആജ്ഞകളെല്ലാം യുവതി അനുസരിച്ചു. തട്ടിപ്പാണെന്ന് മനസ്സിലാക്കാൻ വൈകിയെങ്കിലും യുവതി മുംബൈ പോലീസിനെ സമീപിച്ചു. ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നരേഷ് ഗോയലിന്‍റെ കേസ് പറഞ്ഞ് ഇയ്യിടെ വർദ്ധമാൻ ഗ്രൂപ്പിന്‍റെ ചെയർമാനായ പോൾ ഓസ്വാളിൽ നിന്ന് ഏഴ് കോടി രൂപ തട്ടിയെടുത്തിരുന്നു. ഡിജിറ്റൽ അറസ്റ്റെന്ന തട്ടിപ്പിന് വശംവദരാകരുതെന്ന് ഗവൺമെന്‍റ് മുന്നറിയിപ്പുകൾ നൽകാറുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ലെന്നാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ നിന്ന് വ്യക്തമാകുന്നത്.
Comments