യുവാക്കൾക്ക് നാട്ടിൽ തൊഴിലവസരങ്ങൾ ലഭിക്കാത്തതിനാൽ വീടുകളിൽ വൃദ്ധരായ മാതാപിതാക്കൾ അനാഥരാകുന്ന ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. ഗതികേടുകൊണ്ട് അന്യനാടുകളിൽ കഴിയുന്ന യുവജനങ്ങൾക്ക് നാട്ടിൽ തൊഴിലവസരങ്ങൾ ഉണ്ടാകണം. കേരളത്തെ രക്ഷിക്കാൻ ഇനി ട്വന്റി20 മാത്രം: ട്വന്റി20 പാർട്ടി പ്രസിഡണ്ട് സാബു എം. ജേക്കബ്
ട്വന്റി20 പാർട്ടിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ അല്ലപ്ര, കുറുപ്പുംപടി, ഐമുറി ജംഗ്‌ഷൻ എന്നിവിടങ്ങളിൽ നടന്നു. ട്വന്റി20 പാർട്ടി ചെയർമാൻ സാബു എം. ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.
കേരളത്തിൽ ജീവിക്കാൻ മാർഗ്ഗമില്ലാതെ നാടുവിട്ടുപോകുന്ന മലയാളി യുവാക്കളുടെ എണ്ണം കുത്തനെ ഉയർന്നുകൊണ്ടിരിക്കുന്നത് ഒട്ടനവധി വൃദ്ധ മാതാപിതാക്കളെ അനാഥ വാർദ്ധക്യത്തിലേയ്ക്ക് നയിക്കുന്നത് കേരളജനത നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയായി ട്വന്റി20 പാർട്ടി കാണുന്നതായി സാബു എം. ജേക്കബ് പറഞ്ഞു. ട്വന്റി20 പാർട്ടി അധികാരത്തിലെത്തിയാൽ, നാട്ടിൽ മാന്യമായ ഉപജീവന മാർഗ്ഗം കണ്ടെത്താനുള്ള വഴി യുവജനങ്ങൾക്ക് മുന്നിൽ തുറന്നുകൊടുക്കുകയും, മറ്റു മാർഗ്ഗങ്ങളില്ലാതെ കുടുംബം വിട്ട് അന്യനാടുകളിൽ പോയി അധ്വാനിക്കുന്നവരെ തിരികെ നാട്ടിലേയ്ക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. അഴിമതിയും അക്രമവുമില്ലാത്ത ഒരു ജനപക്ഷ ഭരണം ഉറപ്പുവരുത്തുന്നതോടൊപ്പം സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് ട്വന്റി20 പാർട്ടി പ്രഥമ പരിഗണന നൽകുമെന്നും സാബു എം ജേക്കബ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം പിഎം നാസർ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റസീന പരീത്, എറണാകുളം ജില്ലാ കോഓർഡിനേറ്റർ റോയ് വി ജോർജ്ജ്, ട്വന്റി20 ബോർഡ് മെമ്പർ ഡോ. വിഎസ് കുഞ്ഞുമുഹമ്മദ്, സജന നസീർ തുടങ്ങിയവർ കൺവെൻഷനുകൾക്ക് നേതൃത്വം നൽകി.
Comments