Dr. B K Thomas
Ayurveda and Naturopathy consultant.
Raga Ayurveda and Naturopathy,
Sector 7, Dwarka, New Delhi. Mob. 9540593349
ഇത് മഴക്കാലം ആണല്ലോ. നമ്മൾ മലയാളികൾ എല്ലാവരും മഴയെ ഏറെ ഇഷ്ടപ്പെടുന്നവരാണ്. നമ്മുടെ ജീവിതചക്രം മഴയുമായി നല്ല രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു.
മഴക്കാലം പൊതുവേ അല്പം അനാരോഗ്യമുള്ളവർക്കും പ്രായം ചെന്നവർക്കും അത്ര സുഖകരമായ ഒന്നല്ല. കാരണം മഴക്കാലത്ത് തലപൊക്കുന്ന വാതജന്യ രോഗങ്ങൾ തന്നെ. ഇപ്രകാരം പറയപ്പെടുന്ന വാതത്തെ നമ്മൾ ലംബാർ സ്പോണ്ടിലോസിസ് എന്നും സെർവൈക്കൽ സ്പോണ്ടിലോസിസ്, ഓസ്ടിയോ ആർത്രൈറ്റിസ് അങ്ങനെ മറ്റു പല പേരുകളിലും രോഗവ്യത്യാസമനുസരിച്ച് വിളിക്കുന്നു. എന്താണെങ്കിലും സംഗതി വാതം തന്നെ. സന്ധിബന്ധങ്ങൾക്ക് നീരും വേദനയും വരിക, അസ്ഥി തേഞ് വേദന ഉണ്ടാവുക, തുടങ്ങി സാമാന്യ ജീവിതത്തെ വളരെ മോശം ആയി ബാധിക്കുന്ന ഒരു പ്രശ്നം തന്നെയാണ് വാതം.
നമുക്ക് തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ ഒന്ന് നോക്കാം.
ഏറ്റവും ആദ്യത്തേത് വാതരോഗം വരാതെ ഇരിക്കാൻ ശ്രദ്ധിക്കുക എന്നുള്ളത് തന്നെയാണ്. അതിലേക്കായി ഏറ്റവും നല്ല ആഹാരം ഈ സമയത്ത് കഴിക്കാൻ ശ്രദ്ധിക്കണം. സാധിക്കുന്നിടത്തോളം ലഘുവായ വ്യായാമമുറകൾ വീടിനുള്ളിൽ തന്നെയൊക്കെ ചെയ്യുവാൻ കഴിയണം. ശരീരഭാരം നിയന്ത്രിച്ചു നിർത്തുവാൻ ഉത്സാഹിക്കണം. പ്രമേഹരോഗം ഉള്ളവർ അത് അനുവദനീയമായ നിലയിൽ നിയന്ത്രിക്കുവാൻ വേണ്ട മുൻകരുതുകൾ എടുക്കുകയും അതിലേക്ക് ആവശ്യമായി വേണ്ടി വന്നാൽ മരുന്നുകൾ കഴിക്കുകയും വേണം. കാൽസ്യം അടങ്ങിയ ആഹാരം കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കണം. ഏതെങ്കിലും ഒരു മൾട്ടി വൈറ്റമിൻ, മൾടി മിനറൽ അടങ്ങിയ നല്ല ഒരു ഗുളിക ഉപയോഗിക്കുന്നത് നല്ലതാണ് . ( Eg. Tab Health OK). കഴിയുന്നതും ശുദ്ധമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. ആയുർവേദത്തിൽ ആഹാരക്രമത്തിനും പഥ്യ ത്തിനും വളരെയധികം പ്രാധാന്യമുണ്ട്. ഈ കാലത്ത് കഴിക്കുന്ന ആഹാരം ഹിതവും മിതവും സംശുദ്ധവും ആയിരിക്കുവാൻ കഴിയുന്നത്ര ശ്രദ്ധിക്കണം. ആമാശയത്തെ മൂന്നായി ഭാഗിച്ച് കണക്ക് കൂട്ടിയാൽ മൂന്നിൽ ഒരു ഭാഗം വെള്ളം, മൂന്നിൽ ഒരു ഭാഗം വായു, മുന്നിലൊരു ഭാഗം ആഹാരം, എന്നിങ്ങനെ ആയിരിക്കുവാൻ ശ്രദ്ധിക്കുക. അമിത ആഹാരം ഒഴിവാക്കുക. ശരീരത്തിൽ ധാരാളം വായു സഞ്ചാരം നൽകുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
ഇനി അല്പം മരുന്നുകൾ നോക്കാം.
സാധാരണയായി കാണുന്ന ഒരു അവസ്ഥയാണ് സന്ധികൾക്ക് വേദനയും നീരും വരിക, പ്രത്യേകിച്ച് മുട്ടിനും കണ്ണയ്ക്കും കഴുത്തിനും, നടുവിനും ഒക്കെ. ഇത് മറ്റു കാരണങ്ങളൊന്നുമില്ലാതെ മഴക്കാലത്ത്/ തണുപ്പ് സമയത്ത് മാത്രം കാണപ്പെടുന്ന ഒന്നാണെങ്കിൽ, അതിലേക്കായി കൊട്ടം ചുക്കാദി തൈലം, പഞ്ചാമ്ല തൈലം,ധന്വന്തരം തൈലം , ബലാശ്വ ഗന്ധാദി തൈലം, കൂടാതെ വേദന അധികമായി ഉണ്ടെങ്കിൽ അല്പം കർപ്പൂരാദി തൈലം എന്നിവ കൂട്ടിച്ചേർത്ത്, അല്പം ചൂടാക്കി അധികം ബലം കൊടുക്കാതെ 15 മുതൽ 20 മിനിറ്റ് വരെ വേദനയും നീരുമുള്ള ഭാഗത്ത് തടവി കൊടുക്കുക. നീരുണ്ടെങ്കിൽ ബലം കൊടുക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
അതോടൊപ്പം ശതകുപ്പ, പച്ചക്കർപ്പൂരം, ചെഞ്ചല്യം, ചെന്നിനായകം, കരിഞ്ചീരകം, (അല്പം മുട്ടവെള്ള കൂടി ചേർക്കുക) ഇവയെല്ലാം ഒരു പാത്രത്തിൽ ചൂടാക്കി പൊടിച്ചത് ഒരു കിഴി പോലെ കെട്ടി ഈ കിഴി കൊണ്ട് കൊട്ടംചുക്കാദി തൈലവും ധന്വന്തരം കുഴമ്പും ചേർത്ത കൂട്ടിൽ മുക്കി ചെറുതീയിൽ കിഴിവയ്ക്കുക.
മൂന്ന് ദിവസത്തിനുള്ളിൽ നല്ല മാറ്റം കണ്ട് തുടങ്ങും. ഇളം ചൂടുവെള്ളത്തിൽ കുളിക്കുക. നന്നായി ഉറങ്ങുക. സോഫ്റ്റ് മെത്ത ഉപയോഗിക്കാതിരിക്കുക.
Comentarios