New Delhi: വിവിധ പ്രശ്നങ്ങൾ നേരിടുന്ന മരങ്ങൾക്ക് അടിയന്തര പരിചരണം നൽകാൻ ന്യൂഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ (NDMC) ട്രീ ആംബുലൻസ് സർവ്വീസ് ഊർജ്ജിതമാക്കി. പലവിധ രോഗങ്ങളും കീടങ്ങളുടെയും ചിതലുകളുടെയും ശല്യം നേരിടുന്നതുമായ മരങ്ങൾക്കാണ് ശുശ്രൂഷ നൽകുക. 2010 ൽ ഇറക്കിയ ഡീസൽ വാഹനം മാറ്റി CNG ഘടിപ്പിച്ച വാഹനമാണ് പതുതായി ഏർപ്പെടുത്തിയിരിക്കുന്നത്.
750 ലിറ്ററും 250 ലിറ്ററും വെള്ളം നിറച്ച രണ്ട് വാട്ടർ ടാങ്കുകൾക്ക് പുറമെ, അത്യാവശ്യ കീടനാശിനികളും, പൂപ്പൽ നാശിനിയും, മറ്റ് സാമഗ്രികളും ആംബുലൻസിൽ സജ്ജമായിരിക്കും. പൊള്ളയായ തടിയുള്ള മരങ്ങൾക്ക് ശസ്ത്രക്രിയ നടത്താനുള്ള സംവിധാനവുമുണ്ട്.
മരങ്ങൾക്കായി പ്രത്യേകം സർജ്ജറി യൂണിറ്റ് ഒരുക്കണമെന്ന് 2022 മെയ് മാസത്തിൽ ഹൈക്കോടതി ബന്ധപ്പെട്ട ഏജൻസികൾക്ക് ഉത്തരവ് നൽകിയിരുന്നു. അതനുസരിച്ച് ആംബുലൻസിൽ ട്രീ സർജ്ജൻമാരുടെ സേവനവും ഉണ്ടായിരിക്കും. രോഗാതുരമായ ഭാഗങ്ങൾ മുറിച്ചുമാറ്റി, കഴുകി വൃത്തിയാക്കി, കീടനാശിനിയോ പൂപ്പൽനാശിനിയോ തേച്ചുപിടിപ്പിച്ച്, പൊള്ളയായ ഭാഗങ്ങൾ ഫോം പോലുള്ള പദാർത്ഥങ്ങൾ നിറച്ച് സീൽ ചെയ്യുന്നതാണ് സർജ്ജറി.
ന്യൂഡൽഹി ഏരിയയിൽ 1.8 ലക്ഷം മരങ്ങൾക്ക് അടിയന്തര ശുശ്രൂഷ നൽകേണ്ട പ്രശ്നങ്ങൾ ഉണ്ടെന്ന് ഒരു NDMC ഉദ്യോഗസ്ഥൻ പറഞ്ഞു.
Comments