വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് ഡൽഹിയിൽ നിന്ന് നൈനിറ്റാളിലെത്തിയ 28 കാരി മണവാട്ടിക്ക് ദാരുണാന്ത്യം. മൈലാഞ്ചി കല്യാണ ചടങ്ങിൽ കൂട്ടുകാരുമൊത്ത് നൃത്തം ചെയ്യുമ്പോഴാണ് 28 കാരിയായ ശ്രേയ ജെയിൻ കുഴഞ്ഞുവീണത്. നൈനിറ്റാളിലെ ഒരു ആഡംബര റിസോർട്ടിലാണ് ചടങ്ങ് നടന്നത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ബി.ടെക് ബിരുദമെടുത്ത ശേഷം MBA യും പാസ്സായ ശ്രേയയുടെ വിവാഹം ലക്‌നോ സ്വദേശിയായ ഒരു IT പ്രൊഫഷണലുമായി നടത്താനാണ് ഉറപ്പിച്ചിരുന്നത്. നൈനിറ്റാളിലെ മറ്റൊരു ആഡംബര റിസോർട്ടിൽ അടുത്ത ഞായറാഴ്ച്ച വിവാഹം നടത്താനായിരുന്നു പ്ലാൻ. നൈനിറ്റാളിനടുത്തുള്ള ശ്‍മശാനത്തിൽ മണവാട്ടിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടി വന്ന ഹതഭാഗ്യമാണ് കുടുംബാംഗങ്ങൾക്ക് നേരിടേണ്ടി വന്നത്. വിവാഹ കർമ്മത്തിന് പകരം അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ച് ദുഃഖഭാരത്തോടെ അവർ ഡൽഹിക്ക് മടങ്ങി.
ന്യൂസ് ബ്യൂറോ , ഡൽഹി
Comments