top of page
Writer's pictureVIJOY SHAL

മൂന്ന് രാജ്യങ്ങളിലെ ആറ് മതവിഭാഗങ്ങൾക്ക് പൗരത്വം; പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു



പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തു. ഇന്ന് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന റിപ്പോർട്ടുകൾ അൽപ സമയം മുൻപ് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടി. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപേ വിജ്ഞാപനം പുറത്തിറക്കുമെന്ന സൂചനകളുണ്ടായിരുന്നു.


ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി (സിഎഎ) നടപ്പിലാക്കിക്കൊണ്ടുള്ള ചട്ടങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടി. ഇതോടെ നിയമം പ്രാബല്യത്തിൽ വന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപേ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവിധ ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.


2014 ഡിസംബർ 31ന് മുൻപ് പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി മത വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പൗരത്വ നിയമ ഭേദഗതി. 2019 ഡിസംബറിലാണ് നരേന്ദ്ര മോദി സർക്കാർ പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെൻ്റിൻ്റെ ഇരുസഭകളിലും പാസാക്കിയത്. 2020 ജനുവരിയിൽ നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപീകരിച്ചിരുന്നില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.


അതേസമയം ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുന്നതോടെ പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ വരുമെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു പിന്നാലെ പൗരത്വത്തിനുള്ള അപേക്ഷകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു തുടങ്ങും. ഇതിനായുള്ള ഓൺലൈൻ പോർട്ടൽ ഉൾപ്പെടെ സജ്ജമായതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. പൗരത്വം ലഭ്യമാകാനുള്ള മുഴുവൻ നടപടിക്രമങ്ങളും ഓൺലൈൻ മാർഗമാണ്.


പൗരത്വ നിയമ ഭേദഗതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിൽ 100ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഡൽഹിയിലെ ഷഹീൻബാഗും അസമിലെ ഗുഹാവത്തിയും പ്രതിഷേധങ്ങളെ തുടർന്ന് ശ്രദ്ധ നേടിയിരുന്നു. മുസ്ലീം മതവിഭാഗത്തെ ഒഴിവാക്കിയുള്ള പൗരത്വ നിയമ ഭേദഗതി വിവേചനമാണെന്നും ഭരണഘടനയുടെ മതേതര തത്വങ്ങൾ ലംഘിക്കുന്നതാണെന്നുമായിരുന്നു വിമർശകർ വാദിച്ചത്.

എന്നാൽ മുസ്ലീം ആധിപത്യമുള്ള രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾ മതപരമായ പീഡനം മൂലം പലായനം ചെയ്താൽ അവർക്ക് പൗരത്വം ലഭിക്കാൻ പൗരത്വ നിയമ ഭേദഗതി സഹായിക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ പക്ഷം. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ചിരുന്നു.

14 views0 comments

Recent Posts

See All

പീഡനം : യുവാവിന് ജീവപര്യന്തം തടവ്

പീഡനത്തിനിരയായ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയാൽ കുട്ടിയും ഒരു ഇരയാണ്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5...

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page