ഹെൽത്ത് ടിപ്‌സ്
Dr. B K Thomas (Ayurveda and Naturopathy consultant).
Raga Ayurveda and Naturopathy,
Sector 7, Dwarka, New Delhi. Mob> 9540593349
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം മുഖത്ത് വരുന്ന അലർജികൾ പലവിധ പാടുകൾ, മുഖക്കുരു, അക്നെ, കരിവംഗം (മുഖത്ത് പടർന്നുപിടിക്കുന്ന കറുത്ത ചുണങ്ങ് പോലെയുള്ള പാട്, സ്ത്രീകളിൽ കൂടുതലായി കാണുന്നു) ഇവയാണ്. അതുപോലെ ഏത് പ്രായക്കാർക്കും ഉപയോഗിക്കാവുന്ന വളരെ നല്ല നാച്ചുറൽ ആയിട്ടുള്ള ഒരു ഫേസ് സ്ക്രബും പായ്ക്കും നമുക്ക് നോക്കാം .
ആദ്യമായി മുഖചർമ്മത്തിന്റെ ആരോഗ്യം നമുക്ക് സ്വാഭാവികകമായി എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം.
ഏറ്റവും ആദ്യത്തെ കാര്യം നന്നായി ഉറങ്ങുക എന്നുള്ളത് തന്നെയാണ്, നല്ല ഉറക്കമുള്ള ഒരു വ്യക്തിയുടെ മുഖം സ്വാഭാവികമായും തിളങ്ങും. നേരത്തെ കിടന്ന് നേരത്തെ എഴുന്നേൽക്കുന്ന ഒരു ശീലം എപ്പോഴും നല്ലതാണ്. നമ്മുടെ ശരീരത്തുള്ള മറ്റു മസിലുകൾക്ക് നമ്മൾ കൊടുക്കുന്ന അത്രയും തന്നെ ശ്രദ്ധ മുഖത്തെ മസിലുകൾക്കും കൊടുക്കേണ്ടതാണ് . സ്വാഭാവികമായും നമ്മൾ ചെയ്യുന്ന വ്യായാമം എന്നു പറയുന്നത് ചവയ്ക്കുക എന്നുള്ളത് തന്നെയാണ്.
ഒരു കവിൾ വെള്ളം കൊണ്ട് കുലുക്കുഴിയുക എന്നുള്ളതും വളരെ നല്ല ഒരു വ്യായാമമാണ് .
അങ്ങനെ രണ്ടോ മൂന്നോ പ്രാവശ്യം ഓരോ കവിൾ വെള്ളം വീതം കൊണ്ടതിനുശേഷം അത് നന്നായി കുലുക്കുഴിഞ്ഞ് തുപ്പിക്കളയുക. അതിനുശേഷം വായ നന്നായി കഴുകിയത്തിന് ശേഷം ഒരു ഗ്ലാസ് നല്ല വെള്ളം കുടിക്കുക അതിൻ്റെ അവസാനത്തെ കവിൾ വെള്ളം വായിൽ കൊണ്ട് വയ്ക്കുക. പ്രഭാത കർമ്മങ്ങൾ നിർവഹിക്കുവാൻ തുടങ്ങുന്നതിനു തൊട്ടുമുൻപ് ആയിരിക്കണം നിങ്ങൾ ഇങ്ങനെ ചെയ്യേണ്ടത്. പ്രഭാത കർമ്മങ്ങൾ നിർവഹിച്ചതിനു ശേഷം കവിളിൽ കൊണ്ടിരിക്കുന്ന വെള്ളം തുപ്പി കളയുക. വീണ്ടും നന്നായി വായ കഴുകി വൃത്തിയാക്കുക. ഒരു തുളസിയിലയും ഒരു കുരുമുളകും ഒരു ഏലത്തരിയും കൂടി വായിൽ ചവച്ചു പിടിക്കുക. മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ ഇങ്ങനെ ചവച്ച് പിടിച്ചതിനുശേഷം അത് തുപ്പിക്കളയുക. ഉള്ളിൽ പോകുന്ന നീര് കുഴപ്പമില്ല. വീണ്ടും ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് സ്ഥിരം ശീലമാക്കുക. എത്ര മുഖക്കുരു, അക്‌നെ വരുന്നവർക്കും താരൻ വരുന്നവർക്കും ക്രമേണ വളരെ നല്ല വ്യത്യാസം കാണാവുന്നതാണ്.
കരിവങ്കം (കരിമംഗലം) മാറാനായി ഇല്ലരുത്തും കരി പൊടിച്ചത് അരിച്ചെടുത്ത് അതിൽ പച്ചമഞ്ഞൾ അരച്ച് പിഴിഞ്ഞ് നീര് ചേർത്ത് കരിവങ്കം അഥവാ കരിമംഗലം വന്ന ഭാഗത്ത് അഞ്ചു മുതൽ 10 മിനിറ്റ് വരെ തേച്ച് മൃദുവായി മസാജ് ചെയ്യുക. അതിനുശേഷം സാധാരണ വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് ചേർത്ത് കഴുകി കളയുക. 15 ദിവസം വരെ ഇങ്ങനെ ചെയ്തു നോക്കുക. നല്ല മാറ്റം പ്രതീക്ഷിക്കാം.
താഴെ പറയാൻ പോകുന്ന ഫേസ് പായ്ക്ക് /ഫേസ് മസാജ് രീതി ഒരുപക്ഷേ നിങ്ങൾക്ക് എല്ലാവർക്കും സുപരിചിതമായിരിക്കണം എന്നില്ല.
നമുക്ക് ഒന്ന് നോക്കാം.
മെഡിക്കൽ സ്റ്റോറിൽ നിന്നും വൈറ്റമിൻ ഇയുടെ ക്യാപ്സ്യൂൾ വാങ്ങുക. ഒരു ക്യാപ്സൂൾ എടുത്ത് അതിനുള്ളിലുള്ള വൈറ്റമിൻ ഇ ഓയിൽ ഒരു ചെറിയ ബൗളിലേക്ക് പകരുക, തരി കുറച്ചു പൊടിച്ചെടുത്ത ഒന്നര ടേബിൾസ്പൂൺ അരിപ്പൊടി ഇതിലേക്ക് ചേർക്കുക, പാട നീക്കിയ രണ്ട് ടേബിൾ സ്പൂൺ പശുവിൻ പാലോ അല്ലെങ്കിൽ അത്രയും തന്നെ റോസ് വാട്ടറോ ചേർക്കുക. ഇതിലേക്ക് അഞ്ച് മുതൽ 10 ഗ്രാം വരെ തൂക്കം വരുന്ന മെഴുക് ഉരുക്കി ഒഴിക്കുക ഡബിൾ ബോയിൽ രീതിയിൽ ഇത് ചൂടാക്കി മിക്സ് ചെയ്യുക. ഏതെങ്കിലും തരത്തിലുള്ള പാരഫിൻ അലർജി മുഖത്തുള്ളവർ ഇത് ചെയ്യരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മൂന്നു മുതൽ 5 മിനിറ്റ് വരെ മൃദുവായി ഈ ചേരുവ ചേർത്ത് മുഖം മസാജ് ചെയ്തു കൊടുക്കുക. ഇളം ചൂടുവെള്ളത്തിൽ മുഖം നന്നായി കഴുകി വൃത്തിയാക്കുക .
ഒരു മുട്ടയുടെ വെള്ളയും അല്പം അരിപ്പൊടിയും അല്പം മുൾട്ടാണി മിട്ടിയും അഞ്ചു മില്ലിഗ്രാം മെഴുക് ഉരുക്കിയതും ഒരു നുള്ള് കസ്തൂരി മഞ്ഞൾ പൊടിയും കൂടി നന്നായി പതപ്പിച്ചെടുത്തത് ഇളം ചൂടിൽ മുഖത്ത് തേച്ചു പിടിപ്പിക്കുക മുഖത്തെ മസിലുകൾക്ക് അയവു വന്നവർ താടിയുടെ ഭാഗത്തുനിന്നും കൈ ചെവിയുടെപുറകിലേക്ക് കൊണ്ടുവന്ന മസാജ് ചെയ്തു നിർത്തുവാൻ ശ്രദ്ധിക്കണം. 10 ദിവസം കൂടുമ്പോൾ ഒരു പ്രാവശ്യമെങ്കിലും ചെയ്യാവുന്നതാണ് . എല്ലാ മൂന്നുമാസം കൂടുമ്പോഴെങ്കിലും ഒരു പ്രാവശ്യം നല്ല രീതിയിൽ വയറ് ഇളക്കി കളയുവാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഈ നുറുങ്ങ് പ്രയോഗങ്ങൾ നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു.
ഇത് എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടണം എന്നില്ല. കാലാവസ്ഥ, ആഹാരം, ശരീര പ്രകൃതി എന്നിവയ്ക്കാനുസരിച്ച് ഗുണ ഫലങ്ങൾ വ്യത്യാസപ്പെട്ടേക്കാം.
Comments