നിത്യോപയോഗ സാധനങ്ങൾ, ബ്യൂട്ടി പ്രോഡക്‌ടുകൾ എന്നിവ മുതൽ പെറ്റ് കെയർ, ബേബി കെയർ ഐറ്റങ്ങൾ വരെ അതിവേഗം വീട്ടിലെത്തിച്ചു തരുന്ന ബ്ലിങ്കിറ്റ് പുതിയ രംഗത്തേക്ക് സേവനം വ്യാപിപ്പിക്കുന്നു. ഗുരുഗ്രാമിൽ അത്യാസന്ന നിലയിലുള്ള രോഗികൾക്ക് ആംബുലൻസ് സേവനം അതിവേഗം എത്തിക്കും. കോൾ ലഭിച്ച് 10 മനിട്ടിനകം രോഗിയുടെ വീട്ടുപടിക്കൽ ആംബുലൻസ് എത്തുമെന്നാണ് ബ്ലിങ്കിറ്റ് CEO അൽബീന്ദർ ധിൻഡ്‍സയുടെ പ്രഖ്യാപനം. തുടക്കത്തിൽ അഞ്ച് ആംബുലൻസുകളാണ് ഏത് സമയത്തും സജ്ജമായി നിൽക്കുന്നത്.
ഇത് തുടക്കമാണെന്നും, താമസിയാതെ ഗുരുഗ്രാമിന് പുറമെ മറ്റ് നഗരങ്ങളിലേക്കും ഈ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം എക്‌സിലൂടെ അറിയിച്ചു. ലെറ്റസ് ബ്ലിങ്കിറ്റ് ആപ്പിലൂടെ ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസ് ബുക്ക് ചെയ്യാൻ കഴിയും. ഓക്‌സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള ലൈഫ് സേവിംഗ് എക്വിപ്‍മെന്‍റ്, മോണിറ്റർ, സ്ട്രെച്ചർ, അടിയന്തരമായി നൽകേണ്ട മരുന്നുകൾ, ഇൻജെക്ഷനുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ആംബുലൻസിൽ ഒരുക്കും. ഒരു പാരാമെഡിക്, അസിസ്റ്റന്‍റ്, പരിചയ സമ്പത്തുള്ള ഡ്രൈവർ എന്നിവർ ചേർന്ന് ക്വാളിറ്റി സർവ്വീസ് യഥാസമയം ലഭ്യമാക്കുമെന്ന് അൽബീന്ദർ ധിൻഡ്‍സ പറഞ്ഞു. കുറഞ്ഞ ചെലവിലാണ് സേവനം നൽകുകയെന്നും, ലാഭമല്ല ഈ സേവനത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments