അശരണരുടെ അത്താണിയെന്ന ബഹുമതി ആർജ്ജിച്ച പുരോഹിതനാണ് ആബെ പിയരെ. ഫ്രാൻസിൽ ഏവരും സ്നേഹ ബഹുമാനങ്ങളോടെ മാത്രം ഓർക്കുന്ന ഈ റോമൻ കത്തോലിക്കാ പുരോഹിതൻ മരിച്ചിട്ട് 17 വർഷം തികഞ്ഞു. അദ്ദേഹത്തെ ആരാധനയോടെ മാത്രം കണ്ടിരുന്ന വിശ്വാസി സമൂഹത്തിന് വിശ്വസിക്കാനാകാത്ത വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 1970 നും 2005 നും ഇടയിൽ ഏഴ് സ്ത്രീകളെ പീഡിപ്പിച്ചിരുന്നു എന്ന ആരോപണം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പീഡനത്തിന് ഇരയായവരിൽ ഒരാൾക്ക് അന്ന് 18 വയസ്സിൽ താഴെയായിരുന്നു പ്രായം. എമ്മാവൂസ് ഇന്‍റർനാഷണൽ, എമ്മാവൂസ് ഫ്രാൻസ്, ആബെ പിയരെ ഫൗണ്ടേഷൻ എന്നീ ജീവകാരുണ്യ സംഘടനകളാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. നിർദ്ധനർക്കും ഭവനരഹിതർക്കും വേണ്ടി ഈ പുരോഹിതൻ തന്നെ പാരീസിൽ സ്ഥാപിച്ച സംഘടനയാണ് എമ്മാവൂസ്. വൈകിയാണെങ്കിലും പരാതിയുമായി മുന്നോട്ടു വരാൻ ധൈര്യം കാട്ടിയ ഈ സ്ത്രീകളെ സംഘടന അഭിനന്ദിച്ചു.
ഏഴ് സ്ത്രീകളുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയെന്നും അത് സത്യമാണെന്ന് വിശ്വസിക്കുന്നതായും സംഘടന വ്യക്തമാക്കി. പാവങ്ങൾക്കും വീടില്ലാത്ത അശരണർക്കും വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയെക്കുറിച്ചുള്ള തങ്ങളുടെ മതിപ്പിന് കോട്ടം തട്ടിയിരിക്കുകയാണെന്ന് സംഘടനാ വക്താക്കൾ അറിയിച്ചു. ജീവിച്ചിരുന്ന കാലത്ത് ജനപ്രീതിയിൽ നടത്തപ്പെട്ട അഭിപ്രായ സർവ്വേകളിൽ നിരന്തരം ഒന്നാമനായിരുന്നു ഈ പുരോഹിതൻ. 2007 ൽ അന്തരിച്ചപ്പോൾ രാജ്യത്തിന് നഷ്‍ടമായത് നന്മയുടെ മനുഷ്യാവതരത്തെയാണ് എന്നായിരുന്നു അന്നത്തെ പ്രസിഡന്‍റ് ജാക്‌സ് ഷിരാക് അനുശോചന സന്ദേശത്തിൽ പറഞ്ഞത്.
എന്നാൽ ജനഹിതങ്ങളിൽ ആർജ്ജിച്ച മഹത്വത്തിൽ നിന്ന് മരണാനന്തരം അദ്ദേഹം അവമതിപ്പിലേക്ക് വീണിരിക്കുകയാണ്. ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സംഘടന പുറത്തുനിന്നുള്ള ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
Comments