തൃശൂർ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മകള്‍ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ബിജെപി ആസ്ഥാനത്തെത്തി നാളെ (വ്യാഴാഴ്ച) അംഗത്വം സ്വീകരിച്ചേക്കും. ഡല്‍ഹിയിലെത്തിയ പദ്മജ ബിജെപി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തും. തുടർച്ചയായി കോൺഗ്രസ് പാർട്ടി നേതൃത്വം അവഗണിച്ചതാണു തീരുമാനത്തിനു പിന്നിലെന്ന് പദ്‍മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിട്ടുള്ളതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് ഉച്ചയോടെ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യം നിഷേധിച്ചുകൊണ്ട് പത്മജ തന്നെ വൈകിട്ട് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. 'ഒരു തമാശ പറഞ്ഞതാണ്, ഇങ്ങിനെയാകുമെന്ന് വിചാരിച്ചില്ല' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. പിന്നീടത് പിന്‍വലിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ മണ്ഡലത്തില്‍ പദ്മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. പദ്മജ ബിജെപിയില്‍ ചേരുമെന്ന് നേരത്തെ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍, അതിനെ തള്ളിക്കളഞ്ഞുകൊണ്ട് പദ്മജ തന്നെ രംഗത്തുവന്നിരുന്നു.
നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരിലൊരാളാണ് പദ്മജ. 2004 ൽ മുകുന്ദപുരം ലോക്സഭാമണ്ഡലത്തിൽനിന്ന് പദ്മജ മത്സരിച്ചെങ്കിലും ലോനപ്പൻ നമ്പാടനോട് പരാജയപ്പെട്ടിരുന്നു. തൃശൂരിൽനിന്ന് 2021 ൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പദ്മജ പരാജയപ്പെട്ടിരുന്നു. വിഎസ് സുനിൽ കുമാറായിരുന്നു അന്ന് എതിർ സ്ഥാനാർഥി.
Comments