top of page

പ്രമേഹം - അറിയേണ്ടതെല്ലാം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 23, 2024
  • 2 min read

Jelitta Jiji ( Dietician )

MSc Dietetics & Food Service Management, jelittajiji.jj@gmail.com

പ്രമേഹം അഥവാ ഡയബറ്റിസ് മെലിറ്റസ് സാധാരണക്കാർക്കിടയിൽ 'ഷുഗർ' അല്ലെങ്കിൽ ‘പഞ്ചസാരയുടെ അസുഖം’ എന്ന് പൊതുവേ അറിയപ്പെടുന്ന ഈ രോഗാവസ്ഥ ഇന്ന്‌ ചെറുപ്പക്കാർക്കിടയിൽ പോലും വളരെ വ്യാപകമാണ്.

എന്താണ് പ്രമേഹം, എങ്ങനെ ഉണ്ടാവുന്നു എന്നുതുടങ്ങി പ്രതിരോധം, ചികിത്സ, മരുന്നുകൾ, സങ്കീർണതകൾ, ഭക്ഷണം ഉൾപ്പെടെ സകലകാര്യങ്ങളിലും ഒരുപാട് തെറ്റിദ്ധാരണകളുണ്ട്.

പ്രമേഹം വേണ്ട രീതിയിൽ ശ്രദ്ധിക്കാതിരിക്കുകയാണെങ്കിൽ , അതു ഗൗരവമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാത്തതുകൊണ്ട് ഹൃദയാഘാതം,വൃക്കയുടെ തകരാറുകൾ തുടങ്ങിയവ നാം ക്ഷണിച്ചു വരുത്തുന്നു. അതുകൊണ്ടു തന്നെ, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, ഡോക്ടറുടെ നിർദ്ദേശങ്ങൾ എന്നിവ പിന്തുടരുന്നത് വളരെ പ്രധാനമാണ്.


പ്രമേഹം ഉണ്ടാവാൻ പല കാരണങ്ങൾ ഉണ്ട്. ആഹാരക്രമത്തിലെ പ്രശ്നങ്ങൾ, വ്യായാമക്കുറവ്, ശരീരത്തിന്റെ അമിതഭാരം എന്നിവ അതിൽ ചിലത് മാത്രം. മാതാപിതാക്കൾക്ക് പ്രമേഹമുണ്ടെങ്കിൽ മക്കൾക്ക് വരാൻ സാധ്യത കൂടുതലാണ്. എന്നാൽ ഈ സാധ്യത മുന്നിൽകണ്ട് ജീവിതശൈലി ക്രമീകരിച്ചാൽ പ്രമേഹത്തെ തടയാൻ സാധിക്കും.

പക്ഷേ ,അച്ഛനും അമ്മയ്ക്കും പ്രമേഹം ഉള്ളതുകൊണ്ടാണ് എനിക്കും വന്നത് എന്ന് പലരും ആശ്വസിക്കുകയും വേണ്ടത്ര ഗൗരവത്തോടെ ചികിൽസ തേടാതിരിക്കുകയും ചെയ്യുന്നു.

പ്രമേഹം പഞ്ചസാര മാത്രം കഴിക്കുന്നതുകൊണ്ടല്ല വരുന്നത്. ഇത് ഗ്ലൂക്കോസ് നിയന്ത്രണം, ഇന്‍സുലിൻ ഉൽപ്പാദനം, ശരീരഭാരം, ജീനുകൾ, ജീവിതശൈലി എന്നിവയുടെ സമന്വയമാണ്. പഞ്ചസാരയോടുകൂടിയ മറ്റു നിരവധി

ഘടകങ്ങളും ഇതിനെ ബാധിക്കുന്നു.


വൈവിധ്യമാർന്ന ആഹാരം ശരീരത്തിന്റെ ആവിശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു.

എന്നാൽ, നമ്മൾ മലയാളികൾ പൊതുവേ കഴിക്കുന്ന അരിആഹാരത്തിൽ അന്നജം (Carbohydrate) പ്രധാനമായി അടങ്ങിയിരിക്കുന്നു.

പഞ്ചസാരയുടേയും അന്നജത്തിന്റെയും അമിത ഉപയോഗം പാൻക്രിയാസിനെ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ പ്രേരിപ്പിക്കുന്നു, ഇത് ബീറ്റാ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു. ക്രമേണ, ഇൻസുലിൻ ഉത്പാദന ശേഷി കുറഞ്ഞു പോകുമ്പോൾ, പ്രമേഹത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നു.

ഇൻസുലിൻ ഉത്പാദന ശേഷി കൂട്ടുക എന്നതാണ് ഈ അവസരത്തിൽ മരുന്നുകളുടെ ധർമം.


പ്രമേഹം - പലതരം

പ്രധാനമായും ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ 2 തരം പ്രമേഹം ഉണ്ട്. ചിലപ്പോൾ ഗർഭകാലത്ത് പ്രമേഹം (gestational diabetes) ഉണ്ടാകാം. ഇത് സ്ത്രീകളിൽ പിന്നീട് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടും. ഹോർമോൺ വ്യതിയാനമാണ് ഗർഭകാല പ്രമേഹത്തിന് മിക്കവാറും കാരണമാകുന്നത്.

1. ടൈപ്പ് 1 പ്രമേഹം :

സാധാരണയായി കുട്ടികളിലും യുവാക്കളിലും ഈ തരത്തിലുള്ള പ്രമേഹം കണ്ടുവരുന്നു.

ഇതിൽ പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ പ്രതിരോധ സംവിധാനം തെറ്റായി ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. തൽഫലമായി, ശരീരത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയില്ല.

ഇക്കാരണത്താൽ രോഗികൾക്ക് ബാഹ്യ ഇൻസുലിൻ കുത്തിവയ്പ്പുകളെ ആശ്രയിക്കേണ്ടിവരുന്നു.

ടൈപ്പ് 2 പ്രമേഹം :

സാധാരണമായി കണ്ടു വരുന്ന പ്രമേഹ വിഭാഗമാണിത്.ചില ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിൻ്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും, അമിതവണ്ണമുള്ളവരോ അമിതഭാരമുള്ളവരോ,പ്രമേഹത്തിന്റെ കുടുംബ ചരിത്രമുള്ളവരോ, ഹോർമോൺ imbalance ഉള്ളവരോ ആയ ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പാൻക്രിയാസിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുന്നതിനോ ശരീരം ഇൻസുലിൻ പ്രതിരോധം വികസിപ്പിക്കുന്നതിനോ ജനിതകമാറ്റങ്ങൾ കാരണമാകാം. അടുത്ത കാലത്തായി, ടൈപ്പ് 2 പ്രമേഹത്തിന് ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും ഒരു ഘടകമായി കാണപ്പെടുന്നു.


പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


* ആരോഗ്യകരമായ ഭക്ഷണക്രമം:

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം(Balanced Diet)തിരഞ്ഞെടുക്കുക. സംസ്കരിച്ച ഭക്ഷണങ്ങളും(Processed foods) പഞ്ചസാരയും പരിമിതപ്പെടുത്തുക.

ഷുഗർ ചേർന്ന പാനീയങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ ഒഴിവാക്കി പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ ആഹാരം മാത്രം കഴിക്കുക.

* വ്യായാമം:

ശരീരഭാരം നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ശാരീരികമായി സജീവമായിരിക്കുക.

* പുകവലി ഉപേക്ഷിക്കുക:

പുകവലി പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ വർദ്ധിപ്പിക്കുന്നു,

* രക്തസമ്മർദ്ദവും കൊളസ്ട്രോളും നിരീക്ഷിക്കുക:

പ്രമേഹം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ രക്തസമ്മർദ്ദവും കൊളസ്ട്രോളിന്റെ അളവും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക.

മുൻകരുതലാണു പ്രധാനം

ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്റെ (ഐഡിഎഫ്) കണക്കനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹമുള്ളവരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

ഏകദേശം 81.1 ദശലക്ഷം മുതിര്‍ന്നവര്‍ പ്രമേഹരോഗികളായി ജീവിക്കുന്നു. ഈ സംഖ്യ 2045 ആകുമ്പോഴേക്കും 109.9 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കുകള്‍ പറയുന്നത്.

ശരിയായ ആഹാരം ശരിയായ അളവിൽ ശരിയായ സമയത്ത് കഴിക്കുക എന്നതാണ് പ്രമേഹം തടയാനും ശരീരത്തിലെ ഷുഗറിൻ്റെ അളവ് നിയന്ത്രിക്കാനും ഉത്തമം.

പ്രമേഹം ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് സങ്കീർണതകളും അനുബന്ധ രോഗങ്ങളും തടയുന്നതിന് സഹായിക്കുന്നു.

コメント

5つ星のうち0と評価されています。
まだ評価がありません

評価を追加
bottom of page