പ്രതിയുടെ വ്യാജ തിരിച്ചറിയൽ വാദം തള്ളി പീഡനക്കേസിൽ ജീവപര്യന്തം കഠിന തടവ്: കേസിൽ നിർണായക വഴിത്തിരിവായത് പ്രതിയുടെ സ്വന്തം ഒപ്പ് - പബ്ലിക് പ്രോസിക്യൂട്ടർ
- ന്യൂസ് ബ്യൂറോ , ഡൽഹി
- 3 days ago
- 2 min read

ന്യൂഡൽഹി:_ ആസൂത്രിതമായ വ്യാജവാദങ്ങൾ പോലും ചിലപ്പോൾ പതിവ് ശീലങ്ങളുടെ മുന്നിൽ നിഷ്പ്രഭമാകും. അത്തരം ഒരു കേസിലാണ് ദില്ലി സെഷൻസ് കോടതി പ്രതിയായ മന്ത്രാമിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷ വിധിക്കുകയും , ഇയാളുടെ തെറ്റായ തിരിച്ചറിയൽ (mistaken identity) സംബന്ധിച്ച വാദം തള്ളുകയും ചെയ്തത്. അഡീഷണൽ സെഷൻസ് ജഡ്ജ് അനു അഗർവാൾ ആണ് നിർണായകമായ ഈ വിധി പ്രസ്താവം നടത്തിയത്.
2017 ൽ ആണ് കേസിന് ആസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറുവയസ്സുള്ള പെൺകുട്ടിയെ പ്രതിയായ മന്ത്രറാം അപഹരിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി, കുട്ടിയുടെ മേൽ ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ചാണ് കേസ്. കൂടാതെ, ഈ സംഭവം പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ഐപിസി സെക്ഷനുകൾ 363, 376(2)(i), 506 കൂടാതെ, കുട്ടികളുടെ ലൈംഗിക പീഡനത്തിനെതിരെ ഉള്ള POCSO നിയമത്തിലെ സെക്ഷൻ 6 പ്രകാരവും പ്രതിയ്ക്കെതിരെ കുറ്റം ചുമത്തി.
വിചാരണയ്ക്കിടെ പ്രതി കുറ്റം നിഷേധിച്ച്, താൻ മന്ത്രറാം അല്ല, പതിറാം ആണെന്ന് അവകാശപ്പെട്ടു. യഥാർത്ഥ പ്രതിയായ മന്ത്രാമിനെ കണ്ടെത്താൻ പോലീസിന് സാധിക്കാത്തതിനാൽ തന്നെ കളവായി കേസിൽ പ്രതിയാക്കിയതാണെന്ന് പ്രതി വാദം ഉന്നയിച്ചു. ഇത് തെളിയിക്കാൻ നിരവധി രേഖകളും സാക്ഷികളും പ്രതി ഹാജരാക്കിയെങ്കിലും, കോടതിയിൽ തന്നെ നടത്തിയ സ്വഭാവപരമായ ഒരു പ്രവർത്തിയാണ് പ്രതിക്ക് വിചാരണയിൽ വിനയായത് - പ്രതിയുടെ സ്വന്തം ഒപ്പ്!
കോടതിയിൽ പലവട്ടം തന്റെ പേര് “ മന്ത്രറാം” എന്നാണ് പ്രതി ഒപ്പിട്ടത്, ഇത് പ്രതിക്കെതിരെ നിർണായക തെളിവായി മാറി.പ്രതി പ്രതിരോധ സാക്ഷിയായി മൊഴി നൽകുമ്പോഴും “പതിറാം” ആണെന്നു അവകാശപ്പെട്ടെങ്കിലും, ഒപ്പിട്ടത് “മന്ത്രറാം” എന്നായിരുന്നു!
പ്രതിയുടെ ക്രോസ് വിസ്താരത്തിനിടയിൽ പബ്ലിക് പ്രോസിക്യൂട്ടർ രണ്ട് നിർണായക ചോദ്യങ്ങൾ ഉന്നയിച്ചു:
1. “ താങ്കൾക്ക് ഹിന്ദി അറിയുമോ?” ഉത്തരം: “ അറിയാം.”
2. “ താങ്കൾ ഹിന്ദിയിൽ ആണോ ഒപ്പിടാറുള്ളത്?” ഉത്തരം: “അതെ.”
ഈ മറുപടികളും പതിവ് ഒപ്പിടൽ ശീലവും സംയുക്തമായി, പ്രതിയുടെ തെറ്റായ തിരിച്ചറിയൽ വാദം തകർത്തു.
മനുഷ്യർ എത്ര വ്യാജവാദങ്ങൾ മുന്നോട്ടു വെച്ചാലും, എത്ര വ്യാജ രേഖകൾ കെട്ടിച്ചമച്ചാലും അവരുടെ ചില ദൈനംദിന ശീലങ്ങൾ മറ നീക്കി പുറത്തു വരുമെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിയുടെ വാദങ്ങൾ തള്ളിക്കൊണ്ട്, കോടതി മന്ത്രാമിന് ശിക്ഷ വിധിക്കുകയായിരുന്നു.
പ്രതി നടത്തിയത് ക്രൂരമായ ലൈംഗിക പീഡനം ആണെന്ന് അതിജീവിതയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അരുൺ കുറുവത്ത് വേണുഗോപാൽ വാദിച്ചു. അപരാധം മൂലം അതിജീവിതയ്ക്ക് തന്റെ കൊച്ചു പ്രായത്തിൽ സ്വകാര്യഭാഗത്ത് ശസ്ത്രക്രിയയ്ക്കു വിധേയമാകേണ്ടി വന്നു. ഈ കുറ്റകൃത്യത്തിന്റെ സമ്മർദ്ദം ശാരീരികമായും മാനസികമായും ഇരയിൽ അവശേഷിക്കും. ജീവിതത്തിന്റെ അവസാനം വരെ ഈ മുറിവിന്റെ മെന്റൽ ട്രോമാ അതിജീവിതയിൽതുടരും. അതിനാൽ പ്രതിയുടെ കുറ്റകൃത്യം യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നു പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി പ്രതിക്ക് ജീവപര്യന്തം കഠിന തടവു ശിക്ഷ വിധിക്കുകയും അതിജീവിതയെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി 14.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു
Comments