"ഇല്ലത്തുനിന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്തൊട്ട് എത്തിയുമില്ല" എന്ന ചൊല്ലുപോലെയാണ് ഇന്നലെ പാരീസിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ ഫ്ലൈറ്റിന്‍റെ കാര്യം. തിങ്കളാഴ്ച്ച രാവിലെ 10.35 ന് ഡൽഹിയിൽ എത്തേണ്ട വിമാനം പുകമഞ്ഞ് മൂലം ജയ്പ്പൂരിൽ ഇറക്കി. മണിക്കൂറുകൾക്ക് ശേഷം അതേ വിമാനം ഡൽഹിക്ക് വിടാമെന്നു വെച്ചപ്പോൾ പൈലറ്റ് ഇടഞ്ഞു. നിയമപ്രകാരമുള്ള ജോലിസമയം താൻ പൂർത്തിയാക്കിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. മറ്റൊരു വിമാനം ഏർപ്പെടുത്താനുള്ള കാലതാമസം കണക്കിലെടുത്ത് യാത്രക്കാരെ ബസ്സിൽ വിടുന്നതാണ് ബുദ്ധിയെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ തീരുമാനിച്ചു. അങ്ങനെ പാരീസിൽ നിന്ന് വിമാനത്തിൽ പുറപ്പെട്ടവർ ബസ്സിലാണ് ഡൽഹിയിലെത്തിയത്.
യാത്രക്കാർ ഒരുപോലെ എയർ ഇന്ത്യ മാനേജമെന്‍റിനെ പഴിച്ചു. ഇത് തികച്ചും ലജ്ജാകരമാണെന്നാണ് ഒരു യാത്രക്കാരൻ എക്‌സിൽ കുറിച്ചത്. രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെക്കൊണ്ടുള്ള യാത്ര ദുസ്സഹമായിരുന്നെന്നും, വിമാന ജീവനക്കാർ മനുഷ്യത്വം കാട്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments