ബീഹാറിലെ രാജ്‍ഗീറിൽ നളന്ദ യൂണിവേഴ്‌സിറ്റിയുടെ പുതിയ ക്യാമ്പസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉൽഘാടനം ചെയ്തു. പുരാതന നളന്ദ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തോട് ചേർന്നാണ് പുതിയ ക്യാമ്പസ്. 2010 ൽ ഇതിനായി പുതിയ നിയമനിർമ്മാണം നടത്തിയിരുന്നു. 2007 ൽ ഫിലിപ്പീൻസിൽ നടന്ന രണ്ടാം പൂർവ്വേഷ്യൻ ഉച്ചകോടിയിലെ തീരുമാനപ്രകാരമാണ് പ്രത്യേക നിയമം ആവിഷ്ക്കരിച്ചത്.
പുതിയ യൂണിവേഴ്‌സിറ്റി കേവലം 14 വിദ്യാർത്ഥികളുമായി താൽക്കാലിക കെട്ടിടത്തിൽ 2014 ൽ പ്രവർത്തനം തുടങ്ങിയിരുന്നു. പുതിയ ക്യാമ്പസിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ 2017 ൽ തുടങ്ങി. ആസ്ത്രേലിയ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, തായ്‌ലാന്‍റ് എന്നിവ ഉൾപ്പെടെ 17 രാജ്യങ്ങളുടെ പിന്തുണയാണ് നളന്ദ യൂണിവേഴ്‌സിറ്റിക്കുള്ളത്. ധാരണാപത്രങ്ങൾ ഒപ്പ് വെച്ചിട്ടുണ്ട്. 2023 മുതൽ 2027 വരെയുള്ള കോഴ്‌സുകൾക്ക് അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ ചേർന്നിട്ടുണ്ട്. വിദേശ വിദ്യാർത്ഥികൾക്കായി 137 സ്‍കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
പുരാതന നളന്ദ അഞ്ചാം നൂറ്റാണ്ടിലാണ് നിലവിൽ വന്നത്. അന്ന് ലോകപ്രസിദ്ധി നേടിയ മഹാവിദ്യാലയത്തിൽ ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ എത്തിയിരുന്നു. എട്ട് നൂറ്റാണ്ടോളം അഭിമാനത്തോടെ നിലകൊണ്ട നളന്ദ പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ശിഥിലമായത്.
Comentarios