ഭരണകക്ഷി അംഗങ്ങൾ ഒന്നടങ്കം സഭ ബഹിഷ്ക്കരിച്ചതോടെ ദക്ഷിണ കൊറിയയിൽ പ്രസിഡന്‍റ് യൂൺ സുക് ഇയോളിനെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ നീക്കം പാളി. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതാണ് പ്രസിഡന്‍റിനെതിരെ ജനരോഷം ഉയരാൻ ഇടയാക്കിയത്. അതിനെ തുടർന്നാണ് പ്രസിഡന്‍റ് രാജിവെക്കണമെന്നും ഇല്ലെങ്കിൽ പുറത്താക്കണമെന്നുള്ള ആവശ്യം ശക്തമായത്.
ഇംപീച്ച്‍മെന്‍റ് പ്രമേയം പാസ്സാകാൻ മിനിമം 200 അംഗങ്ങൾ പിന്തുണയ്ക്കണം. ഭരണകക്ഷിയിലെ അംഗങ്ങളിൽ ചിലരെങ്കിലും പിന്തുണയ്ക്കുമെന്ന പ്രതീക്ഷ പ്രതിപക്ഷത്തിന് ഉണ്ടായിരുന്നു. എന്നാൽ പ്രമേയം വോട്ടിനിടുന്നതിന് മുമ്പ് ഭരണകക്ഷി അംഗങ്ങൾ എല്ലാവരും സഭ വിട്ടിറങ്ങി. പ്രസിഡന്‍റിനെ പുറത്താക്കണമെന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് ജനങ്ങൾ പാർലമെന്‍റ് വളപ്പിൽ തടിച്ചു കൂടിയിരുന്നു.
പട്ടാള നിയമം പ്രഖ്യാപിച്ചതിൽ പ്രസിഡന്‍റ് ഇന്നലെ മാപ്പ് പറഞ്ഞിരുന്നു. ഇനി അത്തരം പ്രഖ്യാപനം ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
Comments