New Delhi: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ പോളിംഗ് ദിനം
പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി ദിനമായി പ്രഖ്യാപിച്ചു. ചീഫ് ഇലക്‌ടറൽ ഓഫീസാണ് വോട്ടെടുപ്പ് ദിനം ശമ്പളത്തോടു കൂടിയ അവധി ദിനമായിരിക്കുമെന്ന ഉത്തരവ് ഇറക്കിയത്. മെയ് 25 നാണ് തലസ്ഥാന നഗരത്തിൽ വോട്ടെടുപ്പ്. ഡൽഹിയിൽ വോട്ടവകാശം ഉള്ളവർക്കാണ് ഈ സൗകര്യം ലഭിക്കുക.
പോളിംഗ് ദിനത്തിൽ തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ സൗകര്യം ഒരുക്കുന്നതിനാണ് അവധി നൽകിയിരിക്കുന്നത്. ഈ ഉത്തരവ് പാലിക്കണമെന്നും ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകാൻ യാതൊരു തടസ്സവും വരുത്തരുതെന്നും തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ വീഴ്ച്ച വരുത്തിയാൽ പിഴയോ മറ്റ് നടപടികളോ നേരിടേണ്ടി വരും.
അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിൽ വന്ന് ജോലി ചെയ്യുന്ന വോട്ടർമാർക്കും, അതുപോലെ ഡൽഹിയിൽ നിന്ന് അയൽ സംസ്ഥാനങ്ങളിൽ പോയി ജോലി ചെയ്യുന്നവർക്കും അതാത് സ്ഥലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസം അവധി ലഭിക്കുന്നതാണ്.
1951 ലെ ജനപ്രതിനിധി നിയമത്തിന്‍റെ സെക്ഷൻ 135B പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് ദിനം ശമ്പളത്തോടെയുള്ള അവധിയായി പ്രഖ്യാപിച്ചതെന്ന് ഡൽഹി ചീഫ് ഇലക്‌ടറൽ ഓഫീസർ പി. കൃഷ്‍ണമൂർത്തി വിശദീകരിച്ചു.
Comments