ഒന്നാം സ്ഥാനം നേടിയ ഡി എം എ ആർ. കെ പുരം ടീം
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ സഹകരണത്തോടെ നടത്തിയ പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനമായ 20,001 രൂപയും ട്രോഫിയും അർ കെ പുരം ഏരിയയും രണ്ടാം സമ്മാനമായ 15,001 രൂപയും ട്രോഫിയും മയൂർ വിഹാർ ഫേസ്-2 ഏരിയയും മൂന്നാം സമ്മാനമായ 10,001 രൂപയും ട്രോഫിയും ദ്വാരക ഏരിയയും സ്വന്തമാക്കി. മത്സരത്തിൽ പങ്കെടുത്ത സമ്മാനാർഹരാവാത്ത മറ്റു ടീമുകൾക്ക് പ്രോത്സാഹന സമ്മാനമായി 2,500 രൂപ വീതവും നൽകി. ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറിയ മത്സരത്തിൽ 21 ടീമുകൾ പങ്കെടുത്തു.
രണ്ടാം സ്ഥാനം നേടിയ ഡി എം എ മയൂർ വിഹാറ് ഫേസ് - 2 ടീം
മത്സരത്തോടനുബന്ധിച്ച് ഡിഎംഎ പ്രസിഡൻറ് കെ രഘുനാഥിൻ്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം, മുഖ്യാതിഥിയായി പങ്കെടുത്ത പവിലിയൻസ് & ഇൻ്റീരിയേഴ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ബീനാ ബാബുറാം ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. മലബാർ ഗോൾഡ് & ഡയമണ്ട്സ് സൗത്ത് എക്സ് ഷോറൂം ഹെഡ് കെ കെ തൻസീർ വിശിഷ്ടാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, പൂക്കളം കൺവീനറും അഡീഷണൽ ട്രഷറാറുമായ പി എൻ ഷാജി, ജോയിൻ്റ് കൺവീനറും അഡീഷണൽ ജനറൽ സെക്രട്ടറിയുമായ എ മുരളീധരൻ, ചീഫ് ട്രഷറർ മാത്യു ജോസ്, വൈസ് പ്രസിണ്ടുമാരായ കെ ജി രഘുനാഥൻ നായർ, കെ വി മണികണ്ഠൻ, ചീഫ് ഇൻ്റേണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇൻ്റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.
മൂന്നാം സ്ഥാനം നേടിയ ഡി എം എ ദ്വാരക ടീം
മിനി സുധാകരൻ, ഡോ നൗഷാദ്, എ വി പ്രശാന്ത് എന്നിവരായിരുന്നു പൂക്കള മത്സരത്തിന്റെ വിധി കർത്താക്കൾ.
പൂക്കള മത്സരത്തോടനുബന്ധിച്ച് വിവിധ ഏരിയകളിലെ കലാകാരന്മാർ പാടിയ ഓണപ്പാട്ടുകൾ ഹൃദ്യമായി. നഗര വാസികൾക്കായി ഡിഎംഎ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓണച്ചന്തയും ഒരുക്കിയിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.
Comments