പഴയകാല ഹിറ്റ് ചിത്രങ്ങളുടെ റീ-റിലീസിന്‍റെ സീസണാണ് ഇപ്പോൾ. മലയാളത്തിൽ മാത്രമല്ല, ബോളിവുഡിലും പഴയകാല ചിത്രങ്ങൾ പലതും റീ-റിലീസ് ചെയ്യുന്നുണ്ട്. മലയാളത്തിന്‍റെ സൂപ്പർ താരമായി തിളങ്ങിനിന്ന ജയന്‍റെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ 'മീൻ' 44 വർഷത്തിന് ശേഷം റീ-റിലീസിന് തയ്യാറായി വരികയാണ്. 1980 ഓഗസ്റ്റിലാണ് 'മീൻ' തീയേറ്ററുകളെ ഇളക്കിമറിച്ചത്. 2K ദൃശ്യമികവിൽ 5.1 ഡോൾബി അറ്റ്‍മോസ് ശബ്‍ദമികവോടെയാണ് 'മീൻ' വീണ്ടും റിലീസിന് ഒരുങ്ങുന്നത്. ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രത്തിൽ ജയന് പുറമെ മധു, സീമ, ശ്രീവിദ്യ, അടൂർ ഭാസി, ജോസ്, ശങ്കരാടി, ബാലൻ കെ. നായർ, അംബിക എന്നിങ്ങനെ വമ്പൻ താരനിരയാണ് ഉള്ളത്.
ജി. ദേവരാജൻ ഈണം നൽകിയ "ഉല്ലാസപ്പൂത്തിരികൾ...", "സംഗീതമേ നിൻ പൂഞ്ചിറകിൽ..." എന്നിങ്ങനെയുള്ള ഗാനങ്ങൾ ഇപ്പോഴും ജനഹൃദയങ്ങളിൽ ഇമ്പമായി തങ്ങിനിൽക്കുന്നുണ്ട്. ചിത്രത്തിന്‍റെ റീ-മാസ്റ്ററിംഗ് മുംബൈയിലും ചെന്നൈയിലുമായി അന്തിമ ഘട്ടത്തിലേക്ക് പുരോഗമിക്കുകയാണ്. റോഷിക എന്‍റർപ്രൈസാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്. 2025 ഫെബ്രുവരിയിലാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
Comments