ന്യൂ ഡൽഹി: കരോൾ ബാഗ് സെന്റ് ആഗസ്റ്റിൻ ഫെറോന പള്ളിയുടെ ഓണാഘോഷങ്ങൾ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഓൾഡ് രജീന്ദർ നഗറിലെ സിന്ധു സമാജ് മന്ദിറിൽ ആഘോഷിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം മുഖ്യാതിഥി ഹിസ് ഗ്രേസ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഉദ്‌ഘാടനം ചെയ്തു. വിശിഷ്ടാതിഥികളായി ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥ്, ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ (ഐമ ) ചെയർമാൻ ബാബു പണിക്കർ,ഐമ ജനറൽ സെക്രട്ടറി കെ ആർ മനോജ്, മാനുവൽ മലബാർ ജൂവലേഴ്‌സ് സിഎംഡി മാനുവൽ മെഴുക്കനാൽ, ദീപിക എഡിറ്റർ, നാഷണൽ അഫയേഴ്‌സ് ജോർജ് കള്ളിവയലിൽ തുടങ്ങിയവർ പങ്കെടുത്തു. വികാരി ഫാ മാത്യു അഴകനാകുന്നേൽ, കൈക്കാരന്മാരായ പി പി പ്രിൻസ്, ടോണി കണ്ണമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു നടന്ന കലാപരിപാടികൾ സ്നേഹാ ഷാജിയുടെ നൃത്ത സംവിധാനത്തിൽ നാട്യക്ഷേത്ര സ്കൂൾ ഓഫ് ഡാൻസിന്റെ ആഭിമുഖ്യത്തിൽ നടന്ന രംഗപൂജയോടെ ആരംഭിച്ചു.ലിജിമോൾ ബോബിയും സംഘവും മാതൃവേദിയുടെ ആഭിമുഖ്യത്തിൽ തിരുവാതിരയും ഈവ മരിയ ബോബിയും സംഘവും ഫ്യൂഷൻ ഡാൻസും അവതരിപ്പിച്ചു.
അമലാ ബെന്നി, അരോണ ബിനു, ഏഞ്ചൽ ടോണി എന്നിവരുടെ നേതൃത്വത്തിൽ സിനിമാറ്റിക് ഡാൻസുകളും സെന്റ് തോമസ് യൂണിറ്റ് റോസ് മരിയയുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ ഓണപ്പാട്ടുകളും നേഴ്സസ് ഗിൽഡ് സ്‌കിറ്റും അവതരിപ്പിച്ചു. തുടർന്ന് ഫെറോന പള്ളി ക്വയർ സംഘം ജിൻസന്റെയും,റോണി മാത്യുവിന്റെയും നേതൃത്വത്തിൽ ഗാനമേളയും നടത്തി.
മഹാബലിയായി സനൽ കാട്ടൂർ വേഷമിട്ടു. വിഭവ സമൃദ്ധമായ ഓണ സദ്യയോടുകൂടിയാണ് ചടങ്ങുകൾ സമാപിച്ചത്.
Comments