കമലാ മാർക്കറ്റിലെ ക്ലോക്ക് ടവർ
ന്യൂഡൽഹി: കമലാ മാർക്കറ്റ് നവീകരിക്കാൻ ഡൽഹി മുൻസിപ്പിൽ കോർപ്പറേഷൻ പദ്ധതി തയ്യാറാക്കി. ന്യൂഡൽഹി റയിൽവേ സ്റ്റേഷനോട് ചേർന്നുള്ള മാർക്കറ്റിന്‍റെ മുഖഛായ മാറ്റാനും ഭംഗിയും സൗകര്യങ്ങളും കൂട്ടി കോനോട്ട് പ്ലേസിന്‍റെ മാതൃകയിൽ വികസിപ്പിക്കാനുമാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി 72 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ പുനഃസ്ഥാപിക്കും. ജൂൺ മാസത്തോടെ പ്രോജക്‌ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മാർക്കറ്റിലെ സ്ഥലങ്ങൾ കയ്യേറി അനഃധികൃതമായി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കും. സ്വമേധയാ ഒഴിഞ്ഞുപോകാൻ അവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്‌സേന ഇയ്യിടെ കമലാ മാർക്കറ്റിലെത്തി സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു. നവീകരണ പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് അദ്ദേഹം ഉത്തരവ് നൽകിയിട്ടുണ്ട്.
വിഭജനത്തെ തുടർന്നുള്ള അഭയാർത്ഥികൾക്ക് ജീവനോപാധി നൽകുക എന്ന ലക്ഷ്യത്തോടെ 1951 ലാണ് കമലാ മാർക്കറ്റ് തുറന്ന് പ്രവർത്തനം തുടങ്ങിയത്. അന്നത്തെ രാഷ്‍ട്രപതി ഡോ. രാജേന്ദ്ര പ്രസാദാണ് മാർക്കറ്റ് ഉൽഘാടനം ചെയ്ത് ക്ലോക്ക് ടവർ സ്ഥാപിച്ചത്. നിലവിൽ മുന്നൂറോളം കടകൾ പ്രവർത്തിക്കുന്നുണ്ട്.
Comments