![](https://static.wixstatic.com/media/897140_b952ad8cd36448dc8908a336879d82f1~mv2.jpeg/v1/fill/w_980,h_551,al_c,q_85,usm_0.66_1.00_0.01,enc_avif,quality_auto/897140_b952ad8cd36448dc8908a336879d82f1~mv2.jpeg)
ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 26-ാമത് വലിയ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. പൊങ്കാല സമർപ്പണത്തിനുള്ള കലം, വിറക്, അടുപ്പുകൾ, മറ്റു സാമഗ്രികൾ ഇവയെല്ലാം ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഫെബ്രുവരി 16 ഞായറാഴ്ച (1200 കുംഭം 4) രാവിലെ 5:30-ന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
രാവിലെ 4:30-ന് നിർമ്മാല്യ ദർശനം, 7 മണി മുതൽ ഉഷഃപൂജയും വിശേഷാൽ പൂജകളും 9 മണിക്ക് പൂത്താലമേന്റിയ ബാലികമാരുടെയും ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ് കലാകാരന്മാരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നിയുമായി പണ്ടാര അടുപ്പിലേക്കുള്ള എഴുന്നെള്ളത്ത് നടക്കും.
തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 9:30 മുതൽ ശിവാജി എൻക്ലേവ് നാദബ്രഹ്മം ഭജനാമൃതം അവതരിപ്പിക്കുന്ന ഭജന, 11:30-ന് ഉച്ചപൂജ, 12:00-ന് അന്നദാനം തുടങ്ങിയവയാണ് മറ്റു പ്രധാന പരിപാടികൾ.
എല്ലാ വര്‍ഷവും കുംഭ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാവും നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക. ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ കാർത്തിക പൊങ്കാല നടത്തുന്നതുകൊണ്ടാണ് വർഷത്തിലൊരിക്കലുള്ള പൊങ്കാല, വലിയ പൊങ്കാലയായി അറിയപ്പെടുന്നത്. ഡല്‍ഹി, പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം വലിയ പൊങ്കലയിൽ പങ്കെടുക്കുവാൻ ഭക്ത ജനങ്ങൾ എത്തിച്ചേരും.
പൊങ്കാല സമര്‍പ്പണത്തിനുള്ള എല്ലാ സാധന സാമഗ്രികളും ക്ഷേത്രാങ്കണത്തിൽ ലഭ്യമാണ്. പൊങ്കാല കൂപ്പണുകളും വഴിപാടുകളും തത്സമയം ബുക്കു ചെയ്യാനായി പ്രത്യക കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 9868990552, 8800552070 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
コメント