മിഡിൽ ഈസ്റ്റ് സംഘർഷം ഓരോ ദിവസവും കൂടുതൽ സംഘർഷഭരിതമാകുകയാണ്. ഇസ്രായേൽ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് റഫായിലെ സൈനിക നടപടി ഉടൻ നിർത്തിവെക്കണമെന്ന് അന്താരാഷ്‍ട്ര നീതിന്യായ കോടതി ഉത്തരവ് നൽകിയത്. അതിനെ അനുകൂലിച്ച ഇന്ത്യൻ പ്രതിനിധിയാണ് ജസ്റ്റിസ് ദൽവീർ ഭണ്ഡാരി.
1947 ൽ രാജസ്ഥാനിലെ ജോധ്‍പൂരിൽ ജനിച്ച അദ്ദേഹം 2012 മുതൽ അന്താരാഷ്‍ട്ര കോടതിയിലെ അംഗമാണ്. നീതിന്യായ രംഗത്തെ നിസ്‍തുല സേവനങ്ങൾ മുൻനിർത്തി 2014 ൽ രാജ്യം അദ്ദേഹത്തെ പത്‍മഭൂഷൺ നൽകി ആദരിച്ചു. സുപ്രീം കോടതിയിൽ 2005 മുതൽ സീനിയർ ജഡ്‍ജിയായി സേവനം അനുഷ്‍ഠിച്ച അദ്ദേഹം പൊതുതാൽപ്പര്യ ഹർജ്ജികളിലും ഭരണഘടനാപരമായ കാര്യങ്ങളിലും ശ്രദ്ധേയമായ നിരവധി വിധിപ്രസ്‍താവങ്ങൾ നൽകിയിട്ടുണ്ട്. സുപ്രീം കോടതിയിൽ എത്തുന്നതിന് മുമ്പ് അദ്ദേഹം ബോംബെ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ആയിരുന്നു.
അന്താരാഷ്‍ട്ര കോടതി പരിഗണിക്കുന്ന മിക്ക കേസുകളിലും 2012 മുതൽ ജസ്റ്റിസ് ഭണ്ഡാരിയുടെ നീതിന്യായ ബോധം പ്രതിഫലിക്കാറുണ്ട്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും നടക്കുന്ന വംശഹത്യകൾ മുതൽ ആണവ നിരായുധീകരണം വരെയുള്ള വിഷയങ്ങളിൽ അന്താരാഷ്‍ട്ര കോടതി എടുക്കുന്ന തീരുമാനങ്ങളിൽ അദ്ദേഹത്തിന്‍റെ സ്വാധീനം നിർണായകമാണ്.
ചിക്കാഗോയിലെ നോർത്ത്‍വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 1971 ലാണ് അദ്ദേഹം നിയമത്തിൽ ഉന്നത ബിരുദം കരസ്ഥമാക്കിയത്.
Comments