ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന കാലയളവ് 120 ദിവസം ആയിരുന്നത് 60 ദിവസമായി കുറച്ചു. ഈ പുതിയ നിയമം 2024 നവംബർ 1 ന് പ്രാബല്യത്തിൽ വരും. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഈ മാറ്റം ബാധകമാകില്ല, ബുക്ക് ചെയ്ത പ്രകാരം അവർക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യൻ റയിൽവെ വ്യക്തമാക്കിയിട്ടുണ്ട്.
താജ് എക്‌സ്പ്രസ്, ഗോമതി എക്‌സ്പ്രസ് മുതലായ ഡേ ടൈം എക്‌സ്പ്രസ് ട്രെയിനുകൾക്ക് ഈ മാറ്റം ബാധകമാകില്ല. അവയ്ക്ക് നിലവിൽ അഡ്വാൻസ് ബുക്കിംഗിന് ചുരുങ്ങിയ കാലയളവാണുള്ളത്. വിദേശ ടൂറിസ്റ്റുകൾക്ക് 365 ദിവസം മുമ്പ് ബുക്ക് ചെയ്യാമെന്ന നിയമവും മാറ്റമില്ലാതെ തുടരും.
ഇന്ത്യയിൽ പ്രതിവർഷം 35 കോടി യാത്രക്കാർ ട്രെയിനുകളിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 61 ദിവസം മുതൽ 120 ദിവസം മുമ്പ് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിൽ 21 ശതമാനം കാൻസൽ ചെയ്യപ്പെടുന്നുണ്ടെന്നും, 5 ശതമാനം ഉപേക്ഷിക്കപ്പെടുന്നവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. അതായത് 5 ശതമാനം പേർ ടിക്കറ്റ് കാൻസൽ ചെയ്യുന്നുമില്ല, യാത്ര ചെയ്യുന്നുമില്ല. ഈ ട്രെൻഡ് കൂടിവരുമ്പോൾ അത്യാവശ്യ യാത്രക്കാർക്കാണ് ടിക്കറ്റ് ലഭിക്കാതെ പോകുന്നത്. അഡ്വാൻസ് ബുക്കിംഗ് കാലയളവ് കുറയ്ക്കുന്നത് അനാവശ്യ ബുക്കിംഗ് നിരക്ക് കുറയ്ക്കാൻ സഹായിക്കും. ജനുവിൻ യാത്രികർക്ക് അത് ഗുണപ്പെടുകയും ചെയ്യും.
സീറ്റുകൾ അനുവദിക്കുന്ന കാര്യത്തിൽ ഇനി AI സൗകര്യം പ്രയോജനപ്പെടുത്തും. കൺഫേംഡ് ടിക്കറ്റ് സാധ്യത 30 ശതമാനത്തോളം വർധിക്കാൻ അത് സഹായകമാകും. ട്രെയിനിൽ നൽകുന്ന ഭക്ഷണത്തിന്‍റെയും പുതപ്പ്, ഷീറ്റുകൾ എന്നിവയുടെയും നിലവാരവും വൃത്തിയും നിരീക്ഷിക്കാനും AI സംവിധാനം പ്രയോജനപ്പെടുത്തും. AI-എനേബിൾഡ് ക്യാമറകൾ ഇതിനായി പല ട്രെയിനുകളിലും ഇൻസ്റ്റോൾ ചെയ്തു കഴിഞ്ഞു.
അഡ്വാൻസ് റിസർവേഷൻ പിരീഡ് (ARP) 1981 ന് ശേഷം 12 തവണ മാറ്റിയിട്ടുണ്ട്. 30 ദിവസമെന്ന ഏറ്റവും ചുരുങ്ങിയ കാലയളവ് 1995 സെപ്റ്റംബർ മുതൽ 1998 ഫെബ്രുവരി വരെയാണ് പ്രാബല്യത്തിൽ ഉണ്ടായിരുന്നത്. 2015 ഏപ്രിൽ മാസത്തിലാണ് അത് 120 ദിവസമായി ഉയർത്തിയത്.
Comments