അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം.
സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജൂൺ ഒന്നുവരെയാണ് ജാമ്യം.
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജൂൺ ഒന്നുവരെയാണ് ജാമ്യം. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കാർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാൽ ആം ആദ്മി പാർട്ടി നേതാവെന്ന പരിഗണനയിൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകരുത്, ഔദ്യോഗിക ഫയലുകളിൽ ഒപ്പിടരുത് എന്നീ നിർദേശങ്ങൾ കോടതി നൽകിയതായാണ് റിപ്പോർട്ടുകൾ. ഡൽഹി ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിലെക്ക് പാർട്ടി കടക്കാനിരിക്കെയാണ് കെജ്രിവാൾ പുറത്തിറങ്ങുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു കെജ്രിവാളിൻ്റെ അഭിഭാഷകൻ മനു അഭിഷേക് മനു സിങ്‌വി ആവശ്യപ്പെട്ടത്. എന്നാൽ ജാമ്യം വോട്ടെടുപ്പുവരെ മതിയെന്നായിരുന്നു കോടതി നിരീക്ഷണം.
ഡൽഹി മദ്യനയക്കേസിൽ തൻ്റെ അറസ്റ്റിനെയും ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിൽ പങ്കാളിയാകാൻ ഇടക്കാല ജാമ്യത്തിനുള്ള അപേക്ഷയും കെജ്‌രിവാൾ സമർപ്പിച്ചിരുന്നു. കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നതിൽ ഇ ഡിയും കേന്ദ്ര സർക്കാരും ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി ഇടക്കാല ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു വാദം.
ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുൻപ് ഡൽഹി മുഖ്യമന്ത്രിയെ ഇടക്കാല ജാമ്യത്തിൽ വിട്ടയക്കണമെന്ന് കെജ്രിവാളിൻ്റെ അഭിഭാഷക സംഘം ശക്തമായി ആവശ്യപ്പെട്ടിരുന്നു. മാർച്ച് 21ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെത്തുടർന്ന് കേജ്‌രിവാൾ നിലവിൽ ഡൽഹിയിലെ തിഹാർ ജയിലിലാണ്. ഇടക്കാല ജാമ്യം ലഭിച്ചതോടെ കെജ്രിവാൾ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയേക്കും. 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കെജ്രിവാൾ ജയിൽ മോചിതനാകുന്നത്.
Comments